വേദനാസംഹാരിയായും അനസ്തേഷ്യക്കുള്ള മരുന്നുകളുടെ കൂടെയും ഉപയോഗിക്കപ്പെടുന്ന ഒരു ഓപിയോയ്ഡ് ആണ് ഫെന്റാനിൽ. മയക്കുമരുന്നായും ഇത് ദുരുപയോഗപ്പെട്ടുവരുന്നുണ്ട്. അതിവേഗം പ്രവർത്തിക്കുന്ന ഫെന്റാനിൽ രണ്ട് മണിക്കൂർ വരെ ഫലപ്രദമായി നിൽക്കുന്നു. ഇഞ്ചക്ഷൻ, നാസൽ സ്പ്രേ, സ്കിൻ പാച്ച്, കവിളിലൂടെയുള്ള ആഗിരണം എന്നീ രീതികളിൽ വൈദ്യശാസ്ത്രം ഈ മരുന്ന് പ്രയോഗിച്ചുവരുന്നു.
ചർദ്ദി, മലബന്ധം, മയക്കം, മതിഭ്രമം, ആശയക്കുഴപ്പം എന്നീ പാർശ്വഫലങ്ങൾ ഈ മരുന്നിന് കാണപ്പെടുന്നുണ്ട്. ശരിയായ നിലക്കല്ലാത്ത ഉപയോഗം വഴി വരാവുന്ന ദോഷങ്ങൾ വേറെയുമുണ്ട്. ശ്വസനക്കുറവ്, സെറോടോണിൻ സിൻഡ്രോം, രക്തസമ്മർദ്ധം കുറയൽ, ബോധക്ഷയം എന്നിവയെല്ലാം ഇതിന്റെ ഗുരുതരമായേക്കാവുന്ന പ്രത്യാഘാതങ്ങളാണ്. μ-ഒപിയോയിഡ് റിസപ്റ്ററുകളെ ആക്റ്റിവേറ്റ് ചെയ്തുകൊണ്ടാണ് ഫെന്റാനിൽ പ്രവർത്തിക്കുന്നത്. മോർഫിനേക്കാൾ നൂറ് മടങ്ങ് ശേഷിയുള്ളതായി ഇത് കണക്കാക്കപ്പെടുന്നു. കാർഫെന്റാനിൽ പോലുള്ള ചില രൂപങ്ങൾ മോർഫിനേക്കാളും പതിനായിരം മടങ്ങ് ശേഷി കാണിക്കുന്നുണ്ട്.
പോൾ ജാൻസൻ 1960-ൽ കണ്ടുപിടിച്ച ഫെന്റാനിലിന് ഔഷധമായി ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുന്നത് 1968-ൽ അമേരിക്കയിലാണ്. 2015-ൽ മാത്രം 1600 കിലോഗ്രാം ഫെന്റാലിൻ ലോകത്ത് ഉപയോഗിക്കപ്പെട്ടിരുന്നു. 2017-ലെ കണക്കനുസരിച്ച് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന കൃത്രിമ ഓപിയോയ്ഡാണ് ഫെന്റാനിൽ. ലോകാരോഗ്യ സംഘടന ഫെന്റാനിൽ അടങ്ങിയ മരുന്നുകളെ കാൻസർ ചികിത്സയിലെ അവശ്യ മരുന്നുകളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
ഈ മരുന്നിന്റെയും അതിന്റെ മറ്റു രൂപങ്ങളുടെയും അമിതപ്രയോഗം മൂലം അമേരിക്കയിൽ 20,000 പേരെങ്കിലും മരണപ്പെട്ടതായി കണക്കുകളുണ്ട്. ഇത് ഓപിയോയ്ഡുകളുമായി ബന്ധപ്പെട്ട മരണങ്ങളുടെ പകുതിയും വരും. ഫെന്റാനിന്റെ നിയമവിരുദ്ധ ഉല്പാദനമാണ് ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത്.
വികസ്വരരാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും ഫെന്റാനിലിന്റെ വിലനിലവാരത്തിലും വ്യത്യാസങ്ങളുണ്ട്. വികസിതരാജ്യങ്ങളിൽ താരതമ്യേന വില കുറവാണ്.
↑Stanley TH (April 1992). "The history and development of the fentanyl series". Journal of Pain and Symptom Management. 7 (3 Suppl): S3-7. doi:10.1016/0885-3924(92)90047-L. PMID1517629.
↑World Health Organization (2019). World Health Organization model list of essential medicines: 21st list 2019. Geneva: World Health Organization. hdl:10665/325771. WHO/MVP/EMP/IAU/2019.06. License: CC BY-NC-SA 3.0 IGO.
↑"Overdose Death Rates". National Institute on Drug Abuse. 15 സെപ്റ്റംബർ 2017. Archived from the original on 13 ഡിസംബർ 2017. Retrieved 14 ഡിസംബർ 2017.
↑Hedegaard H, Bastian BA, Trinidad JP, Spencer M, Warner M (December 2018). "Drugs Most Frequently Involved in Drug Overdose Deaths: United States, 2011-2016". National Vital Statistics Reports. 67 (9): 1–14. PMID30707673.